2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

മണ്ണില്‍ കുതിര്‍ന്ന നൊമ്പരങ്ങള്‍

സ്വപ്നത്തിന്‍ ചിറകിലേറി പറന്നിറങ്ങി ഞാന്‍
വേര്‍പാടിന്‍ ഒരു പിടി നൊമ്പരവുമായ്.
അംബരം ചുംബിച്ചിതാ  ഞാന്‍   കണ്ടു
ആദ്യമായി ആ  സ്വപ്നഭൂമിയെ.
സങ്കല്പ്പമല്ലിത്  യാഥാര്‍ത്ഥ്യമാണെന്നു
ഓര്‍ക്കുവാന്‍  കഴിയില്ലെനിക്ക് .

      ഇത്തിരി നേരം  മറന്നിതാ എന്റെ  ജന്മനാടിനെ
      ഓര്‍ക്കുവാന്‍  വെമ്പലായതോ  ഏകാന്തമീയാത്രയില്‍
      തുടരെ കേട്ടിരുന്നതു കേള്‍ക്കുവാനില്ല
      ഇന്നിതാ കേള്‍ക്കുന്നത്  ആദ്യമായ്‌ കേള്‍ക്കുന്നതും.

കാറ്റിനെ കീറിമുറിച്ചിതാ പോകുന്നുയെന്‍  ജീവിതം,
വഴിവക്കിലെങ്ങും മണല്‍ കൂനകള്‍ മാത്രം .
അടനത്തിനുള്ളില്‍ കൂട്ടിനായ്‌ ഓര്‍മകളെത്തി -
തലോടിയെന്നെ നിദ്രയിലാഴ്ത്തി .
   
       നാഴിക വിനാഴിക പിന്നിട്ടിതാ ...
       സ്വപ്നത്തിലെന്നപോലെ  ഞെട്ടിയുണര്‍ന്നു ഞാന്‍ .
       മുന്നില്‍ നില്‍ക്കുന്നതോ പുസ്തകത്തില്‍ കണ്ടോരുമുഖം
       മരുഭൂമിയിലെ വാഹനമെന്നോണം
      അസ്തമയ  സൂര്യനെ നോക്കി നടന്നു നീങ്ങുന്നു
      നിരനിരയായ്‌  അവര്‍ .

സ്വര്‍ണ്ണംപോല്‍  തിളങ്ങുന്നു മരുഭൂമി
അസ്തമയ സൂര്യന്‍റെ  കിരണങ്ങളേറ്റു.
പകലെന്നെ  വിട്ടകന്നു ഇപ്പോളിതാ
കൂട്ടിനായ്‌  കൂരിരുളും .
സൃഷ്ടാവിന്‍ സൃഷ്ട്ടികളെ  ഓര്‍ത്തു ഞാന്‍
കൂട്ടത്തില്‍ എന്റെ നാടിനേയും.

     ഞാന്‍  ചെന്നിതാ ഒരു കുടിലിനുമുന്നില്‍
     കൂരിരുളില്‍ എങ്ങും മുരളല്‍  മാത്രം.
     നുറുങ്ങുവെട്ടം  വിതറുമൊരു റാന്തല്‍
     കയ്യിലേന്തി  ഒരു മനുഷ്യന്‍  അവ്യക്തമാം
     ആ മുഖം ഒരു യാചകനായി  നിന്നീടുന്നു.

അവര്‍  പറയുന്നതെന്തെന്നു അറിയില്ലെനിക്ക്
നിസ്സഹായകനായ്‌ നോക്കുന്നു എന്നെ
ദയനീയമാം ആ കണ്ണുകള്‍ നോക്കിയെന്നെ
ആംഗ്യം കാണിച്ചു വരിക സോദരാ...
 
     കൂട്ടത്തില്‍ കുടിലിലേക്ക് നടന്നു കയറി ഞാന്‍ കണ്ടതും
     മിഴികള്‍ക്കു ഭാരം കൂടുന്നപോലെ.
    എന്തോ പറയുവാന്‍ വെമ്പിഞാന്‍-
    എന്‍റെ  ചുണ്ട്ടിന്റെ വിങ്ങലുകള്‍  തടസ്സമായ്‌ .
    അറിയില്ല  സോദരാ നിന്‍ ഭാഷ്യം
    അറിയില്ലാ സോദരാ നിന്‍ മാതൃരാജ്യം .

ഒരു തുണ്ട് കംബിളിപ്പുതപ്പില്‍ കൈചൂണ്ടി
ആംഗ്യത്താല്‍  ഉറങ്ങുക  എന്നൊരു ചേഷ്ടയും .
പിന്നിതാ ഇരുളിലേക്ക് മാഞ്ഞുപോയ് ആ മനുഷ്യന്‍.
അറിയില്ലിതോ ഞാന്‍ കണ്ട സ്വപ്നഭൂമി
അറിയില്ലിതോ  ഞാന്‍ കേട്ട സ്വപ്നഭൂമി .

     ഇരുളിനെ ഭയന്നുഞാന്‍ കാത്തിരുന്നു പുലര്‍ച്ചക്കായ്‌
     ഒച്ചിന്റെ  സഞ്ചാരം പോലൊരു രാത്രിയോ ?
     മിഴിനീര്‍ കൂട്ടും  പിന്നെ ഓര്‍മ്മകളും
     അറിയില്ല ഞാന്‍ എങ്ങനെ മയങ്ങിപ്പോയ്‌ .

മനമുരുകി ഉറങ്ങുന്ന വേളയില്‍
കാറ്റിന്‍റെ സീത്കാര ശബ്ദത്തിനൊപ്പം
ഇടറിവിളിക്കുന്ന  ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു
ഒരു സ്വപ്നത്തിലെന്നപോലെ.
   
     എഴുന്നേല്‍ക്കുക സോദരാ  എഴുന്നേല്‍ക്കുക...
    എന്ന സ്വരം ഞാന്‍ കേള്‍പ്പതും
    നിമിഷത്തില്‍  ഞാനെത്തി
    എന്‍റെ ജന്മഗേഹത്തിലേക്ക്.

ഉരിയാടാന്‍ കൊതിച്ച  വാക്യങ്ങള്‍ മറന്നുപോയതോ?
അതോ കേട്ട വാക്കുകളില്‍  ഈറന്‍ നിറഞ്ഞതോ?
എല്ലാം കേട്ടുവിറങ്ങലിച്ചു നില്‍ക്കവേ
സഹാനമല്ലേ  ജീവിതം എന്നൊരു വാക്കും.
പിന്നെ യാത്രചോതിച്ചകന്നു ആ മനുഷ്യന്‍
മിഴികള്‍ സ്ഫടികത്തിന്‍ തിളക്കത്തോടെ.

    മനുഷ്യനായ്‌  ഈ മണ്ണില്‍ ഞാന്‍ മാത്രമോ
    എന്നുള്ള തോന്നല്‍ തോന്നിയതിപ്പഴും.
    എകാന്തമാം ഈ ജീവിതത്തില്‍
    ഓര്‍മ്മകള്‍ കുമിഞ്ഞുകൂടി ..

പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച എന്‍ -
അമ്മയെ ഓര്‍ത്തു ഞാന്‍,
വളര്‍ത്തി വലുതാക്കിയ എന്‍ പ്രിയ
അച്ഛനേയും ഓര്‍ത്തു ഞാന്‍,
കൂടെ പിറന്ന എന്‍ പോന്നനുജത്തിയേയും
ഓര്‍ത്തുഞാന്‍,
കണ്ടു കൊതിതീരും മുന്‍പേ വിരഹമെന്ന സമ്മാനം
നല്‍കി പിരിഞ്ഞ എന്‍ പ്രിയ
പത്നിയേയും  ഓര്‍ത്തു ഞാന്‍,
തോരാത്ത മിഴികളോടെ  കാത്തിരുന്നു.

     അറിഞ്ഞിരുന്നില്ല ഈ വേദന എന്നില്‍
     മരവിച്ച ഹൃദയമാക്കി മാറ്റുമെന്ന്

ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഓടിയെത്തുന്ന
ആട്ടിന്‍ പറ്റത്തിന്‍ നാഥനായ്‌ ഞാന്‍
നോക്കുന്നു അവരെ മക്കളെ പോല്‍ .
   
      കഴിക്കുന്നു ഞങ്ങള്‍ ഒരുമിച്ചതും
      കുടിക്കുന്നു ഞങ്ങള്‍ ഒരു പാത്രത്തിലും
      തലച്ചായ്ക്കുന്നതോ പാഴ്മണ്ണിലും.

സുഖമെന്തെന്നു അറിയുവാന്‍ കൊതിക്കവേ
എതിയെന്നില്‍   വേദനയിലെ  കൊടും ക്രൂരത
സഹിച്ചു ഞാന്‍ കഴിഞ്ഞു
എന്‍റെ പ്രിയ പെട്ടവര്‍ക്കുവേണ്ടി.

    ഓരോ കിനാവിലും തെളിയുന്നു എന്നില്‍
    ഞാന്‍ അറിയാന്‍ മറന്ന എന്‍റെ നാടിനെ
    ഇനി ഒരിക്കലും മറക്കില്ല സ്വന്തം നാടിനെ.
    നഷ്ടങ്ങള്‍  മാത്രം നല്‍കിയ എനിക്ക്
    മറക്കാന്‍ കഴിയില്ല  ഈ സ്വപ്നഭൂമിയെ.

എല്ലാം ത്യജിച്ചു കഴിഞ്ഞിടും എന്നെ
കുറിച്ചോര്‍ക്കുവാന്‍  നേരമിന്നാര്‍ക്കുണ്ട്?
ഓടികളിച്ചു നടന്നിരുന്ന നാട്
ഓര്‍മയില്‍ മാത്രം ബാക്കിയായോ ?
വിധിയെന്ന രണ്ടക്ഷരത്തിനുമേല്‍
പഴിചാരി നില്‍ക്കുന്ന ജന്മമല്ലേ.

    ഒരിക്കല്‍  കൂടി എന്നില്‍ കനിയുക ജീവിതം
    സ്വന്തം നാടിന്‍ മഹത്ത്വം അറിയുവാന്‍.....



2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

                       വിളക്ക്

കൂരിരുളില്‍   വെളിച്ചം  വിതറുമീ  ചിരാതിന്‍
രോദനം  കേള്‍പ്പൂ  നീ..
എന്‍ നെഞ്ചിലെരിയുന്ന  നാളത്തിന്‍  ചൂടേറ്റു-
പിടയുന്നു  ഞാനെങ്കിലും
നിനക്കായ്‌  ചൊരിയുന്നു  വെളിച്ചം.

           രാവില്‍  നീ ഏകയായ്‌  കഴിയുമ്പോള്‍,
           എന്‍  വടിവൊത്ത രൂപഭംഗിയും
           ചടുലമാം  നൃത്തവും  നിന്‍ മിഴിയിണകളില്‍
           ഉണര്‍ത്തുന്നു സുന്ദരനിമിഷങ്ങള്‍.

വീശിയടിക്കും   കാറ്റില്‍  പതറാതെ
തിമിര്‍ത്തുപെയ്യും  പേമാരിയില്‍  കെട്ടണയാതെ
ഭീഭല്‍ത്സമാം ഗര്‍ജനത്തില്‍  നിന്നുപോലും
നിനക്കു ഞാന്‍  കൂട്ടിനായ്‌ എത്തി  എന്നും.
          
           കത്തിയമരുമീ   ജീവിതയാത്രയില്‍  എന്‍-
           ഓര്‍മയില്‍ കൊള്ളാന്‍ സുന്ദരമാം അസുലഭ- 
           നിമിഷങ്ങളും, വികാരങ്ങളും, വിഷാധങ്ങളും
           നെഞ്ചിലമര്‍ത്തി  നിനക്കായ്‌
           ചൊരിഞ്ഞു  വെളിച്ചം. 
വിസ്മരിച്ചിടും  അഹസ്സില്‍  നീ എന്നെയെങ്കിലും
നിശക്കായ്‌  നിനക്കുവേണ്ടി  കാത്തിരുന്നു ഞാന്‍.......